രാവിലെ മുതൽ വിരസത അനുഭവിക്കുകയായിരുന്നു അയാൾ. വീട് ചിതൽ പിടിച്ചു പോകാതിരിക്കാൻ ദൂരെ താമസിക്കുന്ന ഉടമസ്ഥൻ സുഹൃത്ത് അയാൾക്ക് വാടകയ്ക്കു കൊടുത്തതായിരുന്നു ആ വീട്. എപ്പോൾ വേണമെങ്കിലും തകർന്നു വീഴാവുന്ന ആ ചുവരുകൾക്കുള്ളിൽ സാഹസികമായ ഒരു ഉദ്വേഗത്തോടു കൂടിയാണ് അയാൾ താമസമാക്കിയത്. അയാളുടെ തൊഴിൽ: എഴുത്തുകാരൻ. എഴുത്തുകാരൻ രാവിലെ മടുപ്പോടെ ഉണർന്നു ഉമിക്കരിയെടുത്ത് പല്ലു തേച്ചുകൊണ്ട് തൊടിയിലൂടെ നടന്നു. കാടു പിടിച്ചു കിടക്കുന്ന വിശാലമായ തൊടി എങ്ങിനെ ഉപയോഗപ്രദമാക്കാം എന്ന ചിന്തയിലായിരുന്നു കുറേ നേരം. ഉമിക്കരി തീർന്നപ്പോൾ തിരിച്ചു വന്ന് വാ കഴുകി ഒരു പുസ്തകം വായിക്കാനെടുത്തു. വായന അധികനേരം തുടരാൻ കഴിഞ്ഞില്ല. ഇരുത്തം ശരിയാകാത്തതു കൊണ്ടാണോ എന്തോ, പിടലി വേദനിക്കാൻ തുടങ്ങി. കുറച്ചു നേരം ഉറങ്ങി. ഉറക്കമുണർന്നപ്പോഴേയ്ക്കും ഉച്ചയുടെ ആദ്യപാദങ്ങൾ തുടങ്ങിയിരുന്നു. പ്രാതൽ പതിവില്ലാത്തതു കൊണ്ട് ഉച്ചഭക്ഷണത്തിനെക്കുറിച്ച് ചിന്തിച്ചു. ഒരു തീരുമാനത്തിലെത്താൻ കഴിയാതെ വന്നപ്പോഴാണ് ചായ കുടിക്കണമെന്ന ആഗ്രഹമുണ്ടായത്.
_______