മരണവീട്ടിൽ നിന്നും തിരിച്ചു പോകുന്നവരെപ്പോലെയായിരുന്നു ദിവസം ഉച്ചയിലേയ്ക്ക് കടന്നത്. അകത്തേയ്ക്കു കയറാതെ പുല തീണ്ടിയ വെളിച്ചം മുറ്റത്ത് നിന്നു. തെറ്റാലിയിൽ നിന്നും തൊടുത്തു വിട്ടതു പോലെ വെയിൽ വീണു. വെയിലിനൊപ്പം മൌനവും ചേർന്നപ്പോൾ വിരസമായ ഒരു ലോകത്തിന്റെ നിഴലുകൾ തെളിഞ്ഞു. തൊടിയിലെ മരങ്ങൾ ശ്വാസം മുട്ടി നിന്നു. വിജനമായ ഇടവഴികൾ നടത്തങ്ങൾ അയവിറക്കിക്കിടന്നു. ഗ്രാമത്തിനു പ്രജ്ഞയറ്റു.

അപ്പോഴായിരുന്നു അയാൾക്ക് ചായ കുടിക്കണമെന്ന ആഗ്രഹമുണ്ടായത്. പതിവില്ലാത്തതാണ് ആ നേരത്ത് ഒരു ചായ. അതൊരു തെറ്റല്ലെന്ന ബോധ്യത്തോടെ കുപ്പായമെടുത്തിട്ട്, വാതിൽ പൂട്ടിയിടങ്ങി. വഴിയിലെങ്ങും ആരുമുണ്ടായിരുന്നില്ല. അടുക്കളകൾ മാത്രം പ്രവർത്തിക്കുന്ന സമയമായതു കാരണം ചില വീടുകളുടെ മോന്തായത്തിലൂടെ പുക വമിക്കുന്നുണ്ടായിരുന്നു, പൊട്ടിത്തെറിക്കാൻ പോകുന്ന അഗ്നിപർവ്വതങ്ങൾ പോലെ.
____________